My Photo
Name:
Location: Zurich, Switzerland

തമിഴിനെയും മലയാളത്തിനെയും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു സാധാരണ കോട്ടയംകാരന്‍.

Saturday, July 08, 2006

തിരുനെടുന്താണ്ടകം എന്ന പ്രബന്ധത്തെ, ശാസ്‌ത്രം എന്ന് ശ്രീവൈഷ്ണവ ആചാര്യന്മാര്‍ എല്ലാവരും കൂണ്ടിക്കാണിക്കുന്നു. രാമാനുജന്റെ കാലത്തില്‍, തിരുനാരായണപുരത്തില്‍ മാധവാചര്യര്‍ എന്ന അദ്വൈത വേദാന്തി ജീവിച്ചിരുന്നു. സ്വാമി രാമാനുജന്റെ ജീവിത അവസാന കാലഘട്ടത്തില്‍, ഇനി ശ്രീരംഗം വിട്ടു യാത്ര അരുത്‌ എന്ന് രംഗനാഥന്റെ ആജ്ഞ ഉണ്ടായിരുന്നതിനാല്‍, അദ്ദേഹത്തിന്‌ തിരുനാരായണപുരത്തില്‍ ചെന്ന് വേദാന്തിയെ ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും, വേദാന്തിയുടെ ജ്ഞാനവും അനുഷ്ഠാനവും കൊണ്ട്‌, ശ്രീവൈഷ്ണവ പരമ്പരയെ നയിക്കാന്‍ പട്ടിയ ഒരു ആചാര്യന്‍ ആവും അദ്ദേഹം എന്ന് സ്വാമി മനസ്സില്‍ കണ്ടിരുന്നു. ജീവിതാവസാന കാലത്തില്‍, കൂരത്താഴ്വാന്റെ പുത്രനായിരുന്ന പരാശരഭട്ടരോട്‌, ആ കര്‍ത്തവ്യം ഏല്‍പ്പിക്കുകയും ചെയ്‌തു. രാമാനുജര്‍ കി പി. 1137-ല്‍ പരമപദത്തിലേക്ക്‌ എഴുന്നള്ളിയതിനു ശേഷം, എംബാര്‍ എന്ന ഗോവിന്ദപെരുമാള്‍ ജീയര്‍, ഒരു ചെറിയ കാലം ശ്രീവൈഷ്ണവ സിംഹാസനം അലങ്കരിച്ചു. എംബാര്‍ക്കു ശേഷം പരാശര ഭട്ടരും. ഭട്ടരുടെ കാലക്ഷേപ ഗോഷ്ഠിയില്‍, സ്ഥിരമായി വന്നുകൊണ്ടിരുന്ന ഒരു ബ്രാഹ്മണന്‍, ഭട്ടരോട്‌, വേദാന്തിയെ പട്ടി വീണ്ടും പറഞ്ഞു. അതു മാത്രമല്ല, അദ്ദേഹം, തിരുനാരായണപുരത്തേക്ക്‌ പോവുകയാണെന്നും, വേദാന്തിയെ കാണും എന്നും പറയുകയുണ്ടായി. അപ്പോള്‍ ഭട്ടര്‍ പറഞ്ഞു, നീ പോയി ഭട്ടര്‍ക്ക്‌ തിരുനെടുന്താണ്ടക ശാസ്‌ത്രം അറിയാം എന്നു പറയണം എന്നു പറഞ്ഞു വിട്ടു. അതിന്‍ പ്രകാരം ആ ബ്രാഹ്മണന്‍, തിരുനാരായണപുരത്തില്‍ ചെന്ന് വേദാന്തിയെ വിവരമെല്ലാം ധരിപ്പിച്ചു മടങ്ങി. ഭട്ടരാവട്ടെ ഇതാണു സമയം എന്നറിഞ്ഞ്‌, ശ്രീരംഗത്തില്‍ നിന്നും പുറപ്പെട്ട്‌, തിരുനാരായണപുരത്തേക്ക്‌ കെന്നു. അവിടെ എത്തിയപ്പോള്‍ ചില ശ്രീവൈഷ്ണവര്‍ പറഞ്ഞു, നിങ്ങള്‍ ഇങ്ങനെ പോയാല്‍ വേദാന്തിയെ കാണാന്‍ സമ്മതിക്കില്ല. തര്‍ക്കത്തിനു ചെല്ലുന്നവരെ, വാതില്‍ക്കല്‍ വെച്ചുതന്നെ കുതര്‍ക്കം ചെയ്‌ത്‌ വേദാന്തിയുടെ ശിഷ്യന്മാര്‍ ഓടിക്കും, മറിച്ച്‌ രാവിലെ അന്നദാനം നടക്കുന്ന സ്ഥലത്ത്‌, ഭിക്ഷക്കായി ചെന്നാല്‍ നേരെ വേദാന്തിയെ കാണാം. ഇതു കേട്ട ഭട്ടര്‍, തന്റെ ആഭരണങ്ങള്‍ എല്ലാം അഴിച്ചുവെച്ച്‌ സാധുരൂപം ധരിച്ചും കൊണ്ട്‌, അന്നദാനം നടക്കുന്ന സ്ഥലത്തു ചെന്നു. അവിടെ, ദിവസം തോറും നടക്കുന്ന അന്നദാനത്തില്‍ പങ്കുകൊള്ളാതെ മാറിനിന്നു. ഒരു തേജസ്വിയായ വ്യക്‍തി മാത്രം മാറി നില്‍ക്കുന്നതു കണ്ട വേദാന്തി ഭട്ടരെ ശിഷ്യന്മാരെ വിട്ട്‌ അടുത്തു വിളിപ്പിച്ച്‌ ചോദിച്ചു. കാ ഭിക്ഷാഃ? (എന്തു ഭിക്ഷയാണു വേണ്ടത്‌) ഭട്ടര്‍ അതിന്‌ മറുപടി പറഞ്ഞു. തര്‍ക്ക ഭിക്ഷാഃ. അമ്പരപ്പോടെ വേദാന്തി, തിരുനെടുന്താണ്ടക ശാസ്‌ത്രം വല്ലീര്‍ ഭട്ടര്‍ നീര്‍ താനോ? എന്നു ചോദിച്ചുവെന്നും അതിനെതുടര്‍ന്ന് നടന്ന വാദത്തില്‍ ഭട്ടര്‍ വേദാന്തിയെ ജയിച്ച്‌, ശ്രീവൈഷ്ണവ സമ്പ്രദായത്തിലെക്ക്‌ മാട്ടി എന്നും ആറായിരപ്പടി ഗുരുപരമ്പരാ പ്രഭാവം പറയുന്നു. ഭട്ടര്‍ തിരിച്ച്‌ ശ്രീരംഗത്തെത്തി കുറച്ചുകാലത്തിനുള്ളില്‍, വേദാന്തിയും, സന്യാസാശ്രമം സ്വീകരിച്ച്‌ ശ്രീരംഗത്തേക്ക്‌ വന്നു. ഭട്ടര്‍ അദ്ദേഹത്തെ നംജീയര്‍ എന്ന് വിളിച്ചു പോന്നതു കൊണ്ട്‌, ഇന്നും ഗുരുപരമ്പരയില്‍ മാധവാചര്യര്‍ നംജീയര്‍ എന്നു തന്നെ വിളിക്കപെട്ടുവരുന്നു. അതുമാത്രമല്ല. ഭട്ടരുടെ ആജ്ഞയാല്‍, നമ്മാഴ്വാരുടെ തിരുവായ്മൊഴിക്കുള്ള പഞ്ച മഹാവ്യാഖ്യാനങ്ങളില്‍, ഒമ്പതിനായിരപ്പടി എന്ന ഗ്രന്ഥം നംജീയര്‍ രചിച്ചതായി കാണുന്നു. സ്വാമി പരാശരഭട്ടര്‍ക്ക്‌ എന്നും തിരുനെടുംതാണ്ടകത്തിനോട്‌ വലിയ ആദരവാണ്‌ ഉണ്ടായിരുന്നത്‌, അതു കൊണ്ടു തന്നെ, മൈവണ്ണനറുംകുഞ്ചി എന്ന 21ആം പാസുരത്തിനു ആ പേരില്‍ തന്നെ ഒരു വ്യാഖ്യാനം ഭട്ടര്‍ രചിച്ചു. ഈ വ്യാഖ്യാനത്തെ ആധാരമാക്കിയാണ്‌ പില്‍ക്കാലത്ത്‌, വ്യാഖ്യാന ചക്രവര്‍ത്തി സ്വാമി പെരിയ ആച്ചാന്‍ പിള്ളൈ തിരുനെടുന്താണ്ടക വ്യാഖ്യാനം നിര്‍മ്മിച്ചത്‌.

0 Comments:

Post a Comment

<< Home