My Photo
Name:
Location: Zurich, Switzerland

തമിഴിനെയും മലയാളത്തിനെയും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു സാധാരണ കോട്ടയംകാരന്‍.

Thursday, July 13, 2006

മടല്‍ എടുക്കുക എന്നതു, പ്രാചീന സംഘകാല സാഹിത്യത്തിലുള്ള ഒരു പ്രേമ വിളംബരം ആയിരുന്നു. നായകന്മാര്‍ക്ക്‌ തങ്ങളുടെ ആഗ്രഹം അനുസരിച്ചുള്ള നായികയെ ലഭിക്കാതെ വരുമ്പോള്‍, പന മടലില്‍, ഒരു കുതിരയുടെ രൂപം ഉണ്ടാക്കി ചില പാട്ടുകള്‍ ഒക്കെ പാടികൊണ്ട്‌, നായകന്‍ ആ പനമടല്‍ കുതിരപ്പുറത്തു കയറി, കുട്ടികളൈ കൊണ്ട്‌ വലിച്ചുകൊണ്ട്‌, ഗ്രാമ പ്രദക്ഷിണം നടത്തുക എന്നതാണു മടല്‍ എടുക്കുക എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ആഴ്വാര്‍ പ്രബന്ധങ്ങളില്‍, ആഴ്വാര്‍ ആണായിട്ടല്ല, മറിച്ച്‌ നായികാ ഭാവത്തില്‍ ആണു മടല്‍ എടുക്കുന്നത്‌ എന്നുള്ള പ്രത്യേകത, മറ്റുള്ള സംഘകാല മടല്‍ പ്രബന്ധങ്ങളില്‍ നിന്നും പെരിയതിരുമടല്‍, സിറിയ തിരുമടല്‍ എന്നി ഗ്രന്ഥങ്ങളെ വേറിട്ടു കാട്ടുന്നു. ആഴ്വാര്‍ക്ക്‌ എന്തു പ്രേമ നൈരാശ്യം എന്നു ചോദ്യം വരാം. ജീവാത്മാവിനു പരമാത്മാവുമായുള്ള സംഗമം, നടക്കാത്ത അവസ്ഥയില്‍ ആഴ്വാര്‍മാര്‍, നായികാ ഭാവത്തൈ എടുത്തുകൊണ്ട്‌, പ്രേമരൂപത്തില്‍ ഈശ്വരപ്രാപ്‌തിക്കായ്‌ പ്രാര്‍ത്തിക്കുന്നതു കാണാം. സാധാരണയായി നമ്മാഴ്വാരുടെ പ്രബന്ധങ്ങളിലും, തിരുമങ്കൈയാഴ്വാരുടെ പ്രബന്ധങ്ങളിലും, നാലു വിധത്തില്‍ ഉള്ള പാസുരങ്ങള്‍ കാണാം. വേദാന്ത ഉപദേശപ്രധാനമായ പാസുരങ്ങള്‍ എല്ലാം തന്നെ, ആണായിരുന്നും, അനുഭവ പ്രധാനമായ പാസുരങ്ങള്‍ പെണ്ണായും ആണു അവതരിപ്പിച്ചിട്ടുള്ളത്‌. പെണ്‍ പാസുരങ്ങളില്‍ തന്നെ, മൂന്ന് വിധത്തിലുള്ള സ്‌ത്രീരത്നങ്ങള്‍ ആയി ആഴ്വാര്‍മാര്‍ പാടാറുണ്ട്‌. അതായത്‌ നായിക ആയും, നായികയുടെ തോഴി ആയും, നായികയുടെ അമ്മ ആയും. ഉപദേശപ്രധാനമായ പ്രബന്ധങ്ങളെക്കാള്‍ അനുഭവ പ്രധാനമായ പ്രബന്ധങ്ങള്‍ക്ക്‌ പ്രാധാന്യം കൂടുതല്‍ കല്‍പിക്കപെട്ടിരിക്കുന്നു. "ഓം" എന്ന പ്രണവത്തിന്റെ ഓരോ അക്ഷരങ്ങളുടെയും ആന്തരാര്‍ത്ഥം മനസ്സില്‍ തോന്നുമ്പോഴാണ്‌ മൂന്നു രീതിയില്‍ ഉള്ള നായികാ ഭാവം ഉണ്ടാകുന്നത്‌ എന്നു അഴകിയമണവാളപെരുമാള്‍ നായനാര്‍ തന്റെ ആചാര്യഹൃദയത്തില്‍ എടുത്തുകാട്ടുന്നു. "സംബന്ധ ഉപായ ഫലങ്ങളില്‍ ഉണര്‍ച്ചി തൊടര്‍വ്‌ പതറ്റ്രമാകിറ പ്രജ്ഞാവസ്ഥൈകളുക്ക്‌ തോഴി തായാര്‍ മകള്‍ എന്നു പേര്‍" എന്നുള്ള ചൂര്‍ണിക ഉദാഹരണം. ഓംകാരത്തിലെ, അ എന്ന അക്ഷരം സംബന്ധജ്ഞാനത്തയുണര്‍ത്തുന്നതാകയാല്‍, തോഴിയായും, ഉകാരം ഉപായ ജ്ഞാനത്തെ ഉണര്‍ത്തുന്നപടിയാല്‍ അമ്മയായും, മകാരം ഫലപ്രാപ്‌തിയെ അനുഭവിക്കുന്ന ജീവാത്മാവിനെ കാട്ടുന്ന പടിയാല്‍ നായിക ആയും ഭാവാന്തരപ്രാപ്‌തി ഉണ്ടാകുന്നു എന്നു സാരം.

0 Comments:

Post a Comment

<< Home