thiruneduthANdakam

My Photo
Name:
Location: Zurich, Switzerland

തമിഴിനെയും മലയാളത്തിനെയും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു സാധാരണ കോട്ടയംകാരന്‍.

Tuesday, July 18, 2006

തിരുമങ്കയാഴ്വാരുടെ രണ്ടു മടല്‍ പ്രബന്ധങ്ങളില്‍, ആഴ്‌വാര്‍ക്ക്‌ ഈശ്വരപ്രാപ്‌തി ഉണ്ടാകാത്ത അവസ്ഥയില്‍, പ്രണയരോഷത്തോടെ വിഭവ അവതാരത്തിലെയും അര്‍ച്ചാവതാരത്തിലെയും സൌശീല്യാദി ഗുണങ്ങളെ പറ്റി പ്രതിപാദിക്കുന്നു. സിറിയ തിരുമടലില്‍ വിഭവാവതാരങ്ങളും, പെരിയ തിരുമടലില്‍ അര്‍ച്ചാവതാരങ്ങളും ആണു പ്രതിപാദ്യ വിഷയം. ഈ അഞ്ചു പ്രബന്ധങ്ങളും നല്‍കിയ ഭാവബന്ധത്താല്‍ ആഴ്വാര്‍ക്ക്‌ ഏര്‍പ്പെട്ട പരമഭക്‍തി രൂപമായ നിലയിലും, പ്രായധിക്യത്താലും ആഴ്വാര്‍ പാകത്തില്‍ പഴുത്ത പഴം പോലെ ആയിരിക്കുന്നു എന്ന് വ്യാഖ്യാതാവായ വ്യാഖ്യാന ചക്രവര്‍ത്തി പെരിയ ആച്ചാന്‍ പിള്ളൈ കാട്ടിയിരിക്കുന്നു. ഈശ്വരനില്‍ ഉള്ളപ്രതിപത്തിയെകൊണ്ടും, ആഴ്‌വാരെ സ്വന്തമാക്കാനുള്ള ഈശ്വരന്റെ തൃഷ്ണയാലും, ആഴ്‌വാര്‍ക്ക്‌ ലഭിച്ച ഭഗവദ്‌ ദര്‍ശനമും ആണ്‌ തിരുനെടുംതാണ്ടകത്തിലെ പ്രതിപാദ്യ വിഷയം.
ശുകാദി മഹര്‍ഷികളും, മുതല്‍ ആഴ്വാര്‍കള്‍ ആയ, പൊയ്കൈ ആഴ്‌വാര്‍, ഭൂതത്താഴ്വാര്‍, പേയ്‌ ആഴ്‌വാര്‍ എന്നിവര്‍, ഈശ്വരപരത്വത്തെ ആനുസന്ധാനം ചെയ്‌തു. സനകാദി ബ്രഹ്മ ഋഷികളും, തിരുമഴിശൈ ആഴ്‌വ്‌ആരും അന്തര്യാമിത്വത്തൈ അനുസന്ധാനം ചെയ്‌തു, വാല്‍മീകി മഹര്‍ഷിയും, കുലശേഖര പെരുമാളും ശ്രീരാമാവതാരത്തിലും, പരാശര മഹര്‍ഷി, വേദവ്യാസന്‍, നമ്മാഴ്‌വാര്‍, പെരിയാഴ്വാര്‍, ആണ്ടാള്‍ എന്നിവര്‍ ശ്രീകൃഷ്ണാവതാരത്തിലും, നാരദാദികളും, തൊണ്ടരടിപ്പൊടിയാഴ്‌വാര്‍, തിരുപ്പാണനാഴ്വാര്‍ എന്നിവരും ശ്രീരംഗം പെരിയ കോയിലിലും, ശൌനക ഭഗവാനും, തിരുമങ്കൈ ആഴ്‌വാരും അര്‍ച്ചാവതാരത്തിലും പ്രതിപത്തിയോടേ മംഗളാശാസനം ചെയ്‌തു. ശ്രീരംഗം പെരിയ കോയില്‍ അര്‍ച്ചാവതാരം ആയിരുന്നാലും, അതിനെ വേറേ പ്രതിപാദിക്കപട്ടതു, സ്വയം വ്യക്‍തമായ പടിയാലും, മറ്റു ദിവ്യദേശങ്ങള്‍ക്കു ബീജം ആയതിനാലും ആകുന്നു.

തിരുനെടുന്താണ്ടകം 30 പാസുരങ്ങളോടെ മൂന്നു വിഭാഗമായി പിരിക്കപെട്ടിരിക്കുന്നു. അതില്‍ മുതല്‍ പത്തു പാസുരങ്ങളില്‍, ആഴ്‌വാര്‍, സ്വരൂപത്തില്‍ ഈശ്വരനാല്‍ അനുഗ്രഹിക്കപെട്ട ഉപകാര പരമ്പരകളേ സ്മരിക്കുന്നു. ദേഹാത്മാഭിമാനത്തെ പോക്കി, തത്വത്രയ ജ്ഞാനം ഉണ്ടാക്കി, ഈശ്വര പാദ സംബന്ധം നല്‍കിയതിനെ ആദ്യത്തെ പാസുരം പ്രതിപാദിക്കുന്നു.

Thursday, July 13, 2006

മടല്‍ എടുക്കുക എന്നതു, പ്രാചീന സംഘകാല സാഹിത്യത്തിലുള്ള ഒരു പ്രേമ വിളംബരം ആയിരുന്നു. നായകന്മാര്‍ക്ക്‌ തങ്ങളുടെ ആഗ്രഹം അനുസരിച്ചുള്ള നായികയെ ലഭിക്കാതെ വരുമ്പോള്‍, പന മടലില്‍, ഒരു കുതിരയുടെ രൂപം ഉണ്ടാക്കി ചില പാട്ടുകള്‍ ഒക്കെ പാടികൊണ്ട്‌, നായകന്‍ ആ പനമടല്‍ കുതിരപ്പുറത്തു കയറി, കുട്ടികളൈ കൊണ്ട്‌ വലിച്ചുകൊണ്ട്‌, ഗ്രാമ പ്രദക്ഷിണം നടത്തുക എന്നതാണു മടല്‍ എടുക്കുക എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ആഴ്വാര്‍ പ്രബന്ധങ്ങളില്‍, ആഴ്വാര്‍ ആണായിട്ടല്ല, മറിച്ച്‌ നായികാ ഭാവത്തില്‍ ആണു മടല്‍ എടുക്കുന്നത്‌ എന്നുള്ള പ്രത്യേകത, മറ്റുള്ള സംഘകാല മടല്‍ പ്രബന്ധങ്ങളില്‍ നിന്നും പെരിയതിരുമടല്‍, സിറിയ തിരുമടല്‍ എന്നി ഗ്രന്ഥങ്ങളെ വേറിട്ടു കാട്ടുന്നു. ആഴ്വാര്‍ക്ക്‌ എന്തു പ്രേമ നൈരാശ്യം എന്നു ചോദ്യം വരാം. ജീവാത്മാവിനു പരമാത്മാവുമായുള്ള സംഗമം, നടക്കാത്ത അവസ്ഥയില്‍ ആഴ്വാര്‍മാര്‍, നായികാ ഭാവത്തൈ എടുത്തുകൊണ്ട്‌, പ്രേമരൂപത്തില്‍ ഈശ്വരപ്രാപ്‌തിക്കായ്‌ പ്രാര്‍ത്തിക്കുന്നതു കാണാം. സാധാരണയായി നമ്മാഴ്വാരുടെ പ്രബന്ധങ്ങളിലും, തിരുമങ്കൈയാഴ്വാരുടെ പ്രബന്ധങ്ങളിലും, നാലു വിധത്തില്‍ ഉള്ള പാസുരങ്ങള്‍ കാണാം. വേദാന്ത ഉപദേശപ്രധാനമായ പാസുരങ്ങള്‍ എല്ലാം തന്നെ, ആണായിരുന്നും, അനുഭവ പ്രധാനമായ പാസുരങ്ങള്‍ പെണ്ണായും ആണു അവതരിപ്പിച്ചിട്ടുള്ളത്‌. പെണ്‍ പാസുരങ്ങളില്‍ തന്നെ, മൂന്ന് വിധത്തിലുള്ള സ്‌ത്രീരത്നങ്ങള്‍ ആയി ആഴ്വാര്‍മാര്‍ പാടാറുണ്ട്‌. അതായത്‌ നായിക ആയും, നായികയുടെ തോഴി ആയും, നായികയുടെ അമ്മ ആയും. ഉപദേശപ്രധാനമായ പ്രബന്ധങ്ങളെക്കാള്‍ അനുഭവ പ്രധാനമായ പ്രബന്ധങ്ങള്‍ക്ക്‌ പ്രാധാന്യം കൂടുതല്‍ കല്‍പിക്കപെട്ടിരിക്കുന്നു. "ഓം" എന്ന പ്രണവത്തിന്റെ ഓരോ അക്ഷരങ്ങളുടെയും ആന്തരാര്‍ത്ഥം മനസ്സില്‍ തോന്നുമ്പോഴാണ്‌ മൂന്നു രീതിയില്‍ ഉള്ള നായികാ ഭാവം ഉണ്ടാകുന്നത്‌ എന്നു അഴകിയമണവാളപെരുമാള്‍ നായനാര്‍ തന്റെ ആചാര്യഹൃദയത്തില്‍ എടുത്തുകാട്ടുന്നു. "സംബന്ധ ഉപായ ഫലങ്ങളില്‍ ഉണര്‍ച്ചി തൊടര്‍വ്‌ പതറ്റ്രമാകിറ പ്രജ്ഞാവസ്ഥൈകളുക്ക്‌ തോഴി തായാര്‍ മകള്‍ എന്നു പേര്‍" എന്നുള്ള ചൂര്‍ണിക ഉദാഹരണം. ഓംകാരത്തിലെ, അ എന്ന അക്ഷരം സംബന്ധജ്ഞാനത്തയുണര്‍ത്തുന്നതാകയാല്‍, തോഴിയായും, ഉകാരം ഉപായ ജ്ഞാനത്തെ ഉണര്‍ത്തുന്നപടിയാല്‍ അമ്മയായും, മകാരം ഫലപ്രാപ്‌തിയെ അനുഭവിക്കുന്ന ജീവാത്മാവിനെ കാട്ടുന്ന പടിയാല്‍ നായിക ആയും ഭാവാന്തരപ്രാപ്‌തി ഉണ്ടാകുന്നു എന്നു സാരം.

തിരുമങ്കൈയാഴ്വാരാല്‍ അനുഗ്രഹിക്കപ്പെട്ട ആറു പ്രബന്ധങ്ങളില്‍ വെച്ച്‌ തിരുനെടുന്താണ്ടകം ആറാമത്തൈയും അതിനാല്‍ തന്നെ ചരമ പ്രബന്ധവുമാകുന്നു. പെരിയതിരുമൊഴിയുടെ അവസാന പതികത്തില്‍, "വേമ്പിന്‍പുഴു വേമ്പന്നി ഉണ്ണാത്‌" എന്നും അടിയേന്‍ "നാന്‍ പിന്നും ഉന്‍ ചേവടിയെന്റ്രി നയവേന്‍" എന്നും ഉള്ള തിരുമങ്കൈ ആഴ്‌വാരുടെ മോക്ഷ പ്രാപ്തിക്കായുള്ള പ്രാര്‍ത്ഥന ഭഗവത്‌ ശേഷത്വം ഉണര്‍ന്നിട്ടുള്ള ജ്ഞാനംകൊണ്ടും, സാക്ഷാത്‌ മന്മഥ മന്മഥനായിരിക്കുന്ന ഈശ്വര സൌന്ദര്യത്തില്‍ ഉള്ള ഈടുപാടിനാലൂം ആയിരുന്നാലും, ജ്ഞാനാന്‍ മോക്ഷം എന്നു വേദാന്ത പ്രയുക്ത്മാകായാല്‍, സത്താപ്രയുക്‍തമായ സൌന്ദര്യത്തിലുള്ള അഭിനിവേശത്തൈ കുറച്ച്‌, സ്വരൂപപ്രയുക്‍തമായ ജ്ഞാനത്താലുള്ള അഭിനിവേശമാക്കി ഉയര്‍ത്താനുള്ള ഈശ്വര നിര്‍ഹേതുകമായ കൃപാ കടാക്ഷത്തംകൊണ്ട്‌, പൃഥക്‌ ഉപലബ്ധിയാലും, പൃഥക്‌ സ്ഥിതിയാലും ജീവാത്മാവും പരമാത്മാവും തമ്മില്‍ ഒഴിക്കാന്‍ പറ്റാത്തവിധം ഒന്‍പതുവിധ സംബന്ധരൂപകമായ ജ്ഞാനം ആഴവാര്‍ക്ക്‌ ഉണ്ടാകണം എന്നതുകൊണ്ട്‌, സര്‍വേശ്വരന്‍, കിഴിയോടേ സ്വത്തു കൊടുക്കും പോലേ ("കിഴിച്ചീരയോടേ ധനത്തൈ കൊടുപ്പാരൈ പോലേ" എന്നു വ്യാക്യാനം) സര്‍വ്വാര്‍ത്ഥപ്രകാശകമായ തിരുമന്ത്രത്തൈയും, സൌശീല്യാദിഗുണങ്ങളൈയും, തിരുമന്ത്രത്തിനു അതിര്‍വരമ്പായ്‌ നിലകൊള്ളുന്ന ദിവ്യദേശങ്ങളൈയും കാട്ടികൊടുത്തു.അതിനെ മേല്‍ക്കൊണ്ട്‌ ആഴ്വാരും "വാടിനേന്‍ വാടി" എന്നു പെരിയ തിരുമൊഴി മുതല്‍ പതികത്തില്‍ തുടങ്ങി, ഒരുനാള്‍ചുറ്റം എന്ന പത്താം പത്തിലെ പതികം വരൈ പെരിയ തിരുമൊഴിയില്‍ എണ്‍പത്തിനാലു ദിവ്യദേശങ്ങളൈ മംഗളാശാസനം ചെയ്‌തു. അതു മൂലം, ഈശ്വരന്‍ ആശയോടേ ഇരുന്നരുള്‍ചെയ്‌ത (ഉഹന്തു അരുളിന നിലങ്കള്‍ എന്നു പൂര്‍വ്വാചാര്യ വചനം) ദിവ്യദേശങ്ങളൈ ആശ്രയണീയവും, ഭോഗ്യവും, എന്നു അനുഭവം ചെയ്‌ത ആഴ്വാര്‍, പെരിയതിരുമൊഴി അവസാന പതികം ആയ മാത്തമുളാ എന്ന പാസുരത്തില്‍ "ആത്തങ്കരവാഴ്മരം പോള്‍ അഞ്ചുകിറേന്‍ എന്നും", "പാമ്പോടൂ ഒരു കൂരൈയിലേ പയിന്റ്രാല്‍ പോല്‍" എന്നും ത്യാജ്യദേഹത്തൈയും, സംസാരത്തൈയും കണ്ട്‌, ഭയപ്പെട്ടു ഈശ്വരപ്രാപ്‌തിക്കായ്‌ ആഗ്രഹിച്ചു. ആ അവസ്ഥയില്‍, ആഴ്വാര്‍ക്ക്‌ പരഭക്‍തി, പരജ്ഞാന പരമഭക്‍തി പര്യന്തമായ അവസ്ഥാ വിശേഷങ്ങള്‍ ഉണ്ടാകണം എന്നുള്ള ഈശ്വര നിശ്ചയം മൂലം ഭഗവദനുഭവം ആഴ്വാര്‍ക്ക്‌ നല്‍കിയില്ല. ഈശ്വരനില്‍ നിന്നുള്ള ഈ വേര്‍പാട്‌ താങ്ങാന്‍ ആവാതെ ഉള്ള ആഴ്വാരുടെ അവസ്ഥയില്‍, രണ്ടാം പ്രബന്ധം ആയ തിരുക്കുറുന്താണ്ടകം അവതരിച്ചു. അതു കൊണ്ടു വിരഹം വര്‍ദ്ധിച്ചതല്ലാതെ കുറഞ്ഞില്ല, എന്നു മാത്രമല്ലാ, മൂന്നാം പ്രബന്ധമായ തിരുവേഴുകൂട്ടിരുക്കൈയില്‍ "നിന്‍ അടിയിണൈ പണിവന്‍ വരുമിടല്‍ അകലമത്തോ വിനയേ" എന്നു ആര്‍ത്ത പ്രപത്തിയും അനുഷ്ഠിച്ചു. അനന്തരവും അപേക്ഷിതമായ ഈശ്വരപ്രാപ്‌തി ഉണ്ടാകാത്തതുകൊണ്ടുള്ള രോഷത്തോടേ കൂടെ, "ചാപമാനയ സൌമിത്രേ" എന്ന ചക്രവര്‍ത്തി തിരുമകന്‍ വാക്യത്തിന്‍പ്പടിയും, തന്റെ കുലധനമായ നമ്മാഴവാര്‍ കാട്ടികൊടുത്ത "കുതിരിയായ്‌ മടലൂറുതും", "എന്നും യാം മടലൂര്‍ന്തും" എന്നും ഉള്ള വാക്യങ്ങളൈ മനസ്സില്‍ കൊണ്ട്‌, രണ്ടു മടല്‍ പ്രബന്ധങ്ങളൈ അനുഗ്രഹിച്ചു.

Saturday, July 08, 2006

തിരുനെടുന്താണ്ടകം എന്ന പ്രബന്ധത്തെ, ശാസ്‌ത്രം എന്ന് ശ്രീവൈഷ്ണവ ആചാര്യന്മാര്‍ എല്ലാവരും കൂണ്ടിക്കാണിക്കുന്നു. രാമാനുജന്റെ കാലത്തില്‍, തിരുനാരായണപുരത്തില്‍ മാധവാചര്യര്‍ എന്ന അദ്വൈത വേദാന്തി ജീവിച്ചിരുന്നു. സ്വാമി രാമാനുജന്റെ ജീവിത അവസാന കാലഘട്ടത്തില്‍, ഇനി ശ്രീരംഗം വിട്ടു യാത്ര അരുത്‌ എന്ന് രംഗനാഥന്റെ ആജ്ഞ ഉണ്ടായിരുന്നതിനാല്‍, അദ്ദേഹത്തിന്‌ തിരുനാരായണപുരത്തില്‍ ചെന്ന് വേദാന്തിയെ ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും, വേദാന്തിയുടെ ജ്ഞാനവും അനുഷ്ഠാനവും കൊണ്ട്‌, ശ്രീവൈഷ്ണവ പരമ്പരയെ നയിക്കാന്‍ പട്ടിയ ഒരു ആചാര്യന്‍ ആവും അദ്ദേഹം എന്ന് സ്വാമി മനസ്സില്‍ കണ്ടിരുന്നു. ജീവിതാവസാന കാലത്തില്‍, കൂരത്താഴ്വാന്റെ പുത്രനായിരുന്ന പരാശരഭട്ടരോട്‌, ആ കര്‍ത്തവ്യം ഏല്‍പ്പിക്കുകയും ചെയ്‌തു. രാമാനുജര്‍ കി പി. 1137-ല്‍ പരമപദത്തിലേക്ക്‌ എഴുന്നള്ളിയതിനു ശേഷം, എംബാര്‍ എന്ന ഗോവിന്ദപെരുമാള്‍ ജീയര്‍, ഒരു ചെറിയ കാലം ശ്രീവൈഷ്ണവ സിംഹാസനം അലങ്കരിച്ചു. എംബാര്‍ക്കു ശേഷം പരാശര ഭട്ടരും. ഭട്ടരുടെ കാലക്ഷേപ ഗോഷ്ഠിയില്‍, സ്ഥിരമായി വന്നുകൊണ്ടിരുന്ന ഒരു ബ്രാഹ്മണന്‍, ഭട്ടരോട്‌, വേദാന്തിയെ പട്ടി വീണ്ടും പറഞ്ഞു. അതു മാത്രമല്ല, അദ്ദേഹം, തിരുനാരായണപുരത്തേക്ക്‌ പോവുകയാണെന്നും, വേദാന്തിയെ കാണും എന്നും പറയുകയുണ്ടായി. അപ്പോള്‍ ഭട്ടര്‍ പറഞ്ഞു, നീ പോയി ഭട്ടര്‍ക്ക്‌ തിരുനെടുന്താണ്ടക ശാസ്‌ത്രം അറിയാം എന്നു പറയണം എന്നു പറഞ്ഞു വിട്ടു. അതിന്‍ പ്രകാരം ആ ബ്രാഹ്മണന്‍, തിരുനാരായണപുരത്തില്‍ ചെന്ന് വേദാന്തിയെ വിവരമെല്ലാം ധരിപ്പിച്ചു മടങ്ങി. ഭട്ടരാവട്ടെ ഇതാണു സമയം എന്നറിഞ്ഞ്‌, ശ്രീരംഗത്തില്‍ നിന്നും പുറപ്പെട്ട്‌, തിരുനാരായണപുരത്തേക്ക്‌ കെന്നു. അവിടെ എത്തിയപ്പോള്‍ ചില ശ്രീവൈഷ്ണവര്‍ പറഞ്ഞു, നിങ്ങള്‍ ഇങ്ങനെ പോയാല്‍ വേദാന്തിയെ കാണാന്‍ സമ്മതിക്കില്ല. തര്‍ക്കത്തിനു ചെല്ലുന്നവരെ, വാതില്‍ക്കല്‍ വെച്ചുതന്നെ കുതര്‍ക്കം ചെയ്‌ത്‌ വേദാന്തിയുടെ ശിഷ്യന്മാര്‍ ഓടിക്കും, മറിച്ച്‌ രാവിലെ അന്നദാനം നടക്കുന്ന സ്ഥലത്ത്‌, ഭിക്ഷക്കായി ചെന്നാല്‍ നേരെ വേദാന്തിയെ കാണാം. ഇതു കേട്ട ഭട്ടര്‍, തന്റെ ആഭരണങ്ങള്‍ എല്ലാം അഴിച്ചുവെച്ച്‌ സാധുരൂപം ധരിച്ചും കൊണ്ട്‌, അന്നദാനം നടക്കുന്ന സ്ഥലത്തു ചെന്നു. അവിടെ, ദിവസം തോറും നടക്കുന്ന അന്നദാനത്തില്‍ പങ്കുകൊള്ളാതെ മാറിനിന്നു. ഒരു തേജസ്വിയായ വ്യക്‍തി മാത്രം മാറി നില്‍ക്കുന്നതു കണ്ട വേദാന്തി ഭട്ടരെ ശിഷ്യന്മാരെ വിട്ട്‌ അടുത്തു വിളിപ്പിച്ച്‌ ചോദിച്ചു. കാ ഭിക്ഷാഃ? (എന്തു ഭിക്ഷയാണു വേണ്ടത്‌) ഭട്ടര്‍ അതിന്‌ മറുപടി പറഞ്ഞു. തര്‍ക്ക ഭിക്ഷാഃ. അമ്പരപ്പോടെ വേദാന്തി, തിരുനെടുന്താണ്ടക ശാസ്‌ത്രം വല്ലീര്‍ ഭട്ടര്‍ നീര്‍ താനോ? എന്നു ചോദിച്ചുവെന്നും അതിനെതുടര്‍ന്ന് നടന്ന വാദത്തില്‍ ഭട്ടര്‍ വേദാന്തിയെ ജയിച്ച്‌, ശ്രീവൈഷ്ണവ സമ്പ്രദായത്തിലെക്ക്‌ മാട്ടി എന്നും ആറായിരപ്പടി ഗുരുപരമ്പരാ പ്രഭാവം പറയുന്നു. ഭട്ടര്‍ തിരിച്ച്‌ ശ്രീരംഗത്തെത്തി കുറച്ചുകാലത്തിനുള്ളില്‍, വേദാന്തിയും, സന്യാസാശ്രമം സ്വീകരിച്ച്‌ ശ്രീരംഗത്തേക്ക്‌ വന്നു. ഭട്ടര്‍ അദ്ദേഹത്തെ നംജീയര്‍ എന്ന് വിളിച്ചു പോന്നതു കൊണ്ട്‌, ഇന്നും ഗുരുപരമ്പരയില്‍ മാധവാചര്യര്‍ നംജീയര്‍ എന്നു തന്നെ വിളിക്കപെട്ടുവരുന്നു. അതുമാത്രമല്ല. ഭട്ടരുടെ ആജ്ഞയാല്‍, നമ്മാഴ്വാരുടെ തിരുവായ്മൊഴിക്കുള്ള പഞ്ച മഹാവ്യാഖ്യാനങ്ങളില്‍, ഒമ്പതിനായിരപ്പടി എന്ന ഗ്രന്ഥം നംജീയര്‍ രചിച്ചതായി കാണുന്നു. സ്വാമി പരാശരഭട്ടര്‍ക്ക്‌ എന്നും തിരുനെടുംതാണ്ടകത്തിനോട്‌ വലിയ ആദരവാണ്‌ ഉണ്ടായിരുന്നത്‌, അതു കൊണ്ടു തന്നെ, മൈവണ്ണനറുംകുഞ്ചി എന്ന 21ആം പാസുരത്തിനു ആ പേരില്‍ തന്നെ ഒരു വ്യാഖ്യാനം ഭട്ടര്‍ രചിച്ചു. ഈ വ്യാഖ്യാനത്തെ ആധാരമാക്കിയാണ്‌ പില്‍ക്കാലത്ത്‌, വ്യാഖ്യാന ചക്രവര്‍ത്തി സ്വാമി പെരിയ ആച്ചാന്‍ പിള്ളൈ തിരുനെടുന്താണ്ടക വ്യാഖ്യാനം നിര്‍മ്മിച്ചത്‌.

തിരുനെടുംതാണ്ടകംപന്ത്രണ്ട്‌ ആഴ്വാര്‍മാരില്‍ തിരുമങ്കൈ ആഴ്‌വാര്‍, അവസാനത്തെ ആഴ്‌വാര്‍ ആയി അവതരിച്ചു. അദ്ദേഹം തിരുവായ്‌മൊഴിയാകുന്ന ദ്രാവിഡവേദത്തിനു വേദാംഗങ്ങളെപൊലെ ആറു പ്രബന്ധങ്ങളെ അനുഗ്രഹിച്ചു. പെരിയ തിരുമൊഴി, തിരുക്കുറുന്താണ്ടകം, തിരുവേഴുകൂത്തിരുക്കൈ, സിറിയ തിരുമടല്‍, പെരിയ തിരുമടല്‍, തിരുനെടുന്താണ്ടകം എന്നീ ആറു പ്രബന്ധങ്ങളെ, ശിക്ഷ, വ്യാകരണം, ഛന്ദസ്സ്‌, നിരുക്‍തം, ജ്യോതിഷം, കല്‍പം എന്നിങ്ങനെയുള്ള ആറു വേദാംഗങ്ങള്‍ക്ക്‌ സമമായി കല്‍പിച്ചു പോരുന്നു. നമ്മാഴ്‌വാരുടെ നാലു പ്രബന്ധങ്ങളെ തിരുവിരുത്തം (ഋഗ്വേദം സമം), തിരുവാസിരിയം (അഥര്‍വ്വ വേദ സമം), പെരിയ തിരുവന്താതി (യജുര്‍വേദസമം), തിരുവായ്‌മൊഴി (സാമവേദത്തിനും, അതിന്റെ ഉപനിഷത്തായ ഛാന്ദോഗ്യോപനിഷത്തിനും സമം) വേദതുല്യമായി കരുത്തപെട്ടും, ആചരിച്ചും പോരുന്നു. മട്ടു പത്ത്‌ ആഴ്‌വാര്‍മാരുടെ പ്രബന്ധങ്ങളും, വേദത്തിനുള്ള ഉപാംഗങ്ങള്‍, ഉപനിഷത്തുക്കള്‍, ഇതിഹാസങ്ങള്‍ ഇവയ്ക്ക്‌ തുല്യമായി കരുതപെട്ടു പോരുന്നു. അതുകൊണ്ടു തന്നെ വൈദീകമായ ശ്രീവൈഷ്ണവ വിശിഷ്ടാദ്വൈത സമ്പ്രദായത്തെ, ഉഭയ വേദാന്തം എന്നു വിളിച്ചു വന്നു. വിശിഷ്ടാദ്വൈതമതം, സംസ്കൃത വേദാന്തത്തെ ഇടം കണ്ണായും ദ്രാവിഡ വേദാന്തത്തെ വലം കണ്ണായും കരുതിപ്പോരുന്നു.