thiruneduthANdakam

My Photo
Name:
Location: Zurich, Switzerland

തമിഴിനെയും മലയാളത്തിനെയും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു സാധാരണ കോട്ടയംകാരന്‍.

Sunday, September 03, 2006

പ്രബന്ധത്തിനുള്ളിലേക്ക്‌ കടക്കുന്നതിനുമുന്‍പേ സംഘകാല തമിഴ്‌ സാഹിത്യത്തെ പറ്റി കുറച്ചു കൂടി അറിയുന്നത്‌ നന്നായിരിക്കും. പ്രബന്ധം എന്നു പേരിട്ടുവിളിക്കപ്പെടുന്ന സംഘകാല സാഹിത്യങ്ങള്‍ ഏതാണ്ട്‌ 96 വിഭാഗങ്ങളായി തിരിക്കപ്പെട്ടിരിക്കുന്നു. ഈ 96 വിഭാഗങ്ങള്‍ പ്രധനമായി വെണ്‍പാ, ആസിരിയപ്പാ, കലിപ്പാ, വഞ്ചിപ്പാ എന്നീ നാലു പ്രധാന ഉപവിഭാഗങ്ങള്‍ക്കുള്ളില്‍ പെടുത്തിയിരിക്കുന്നു. ഈ നാലു വിഭാഗങ്ങളെ വ്യാകരണ ശാസ്ത്രപ്രകാരം യോജിപ്പിച്ചാണ്‌ മറ്റുള്ള 96 വിഭാഗങ്ങള്‍ ആക്കുന്നത്‌. ഉദാഹരണാമായി കലിവെണ്‍പാ, കൊച്ചകക്കലിപ്പാ, വഞ്ചിവിരുത്തം, ആസിരിയ വിരുത്തം തുടങ്ങിയ സങ്കലന വൃത്തങ്ങള്‍.

12 ആഴ്വാര്‍മാരും ചേര്‍ന്ന്, 108 ദിവ്യദേശങ്ങളെ മംഗളാശാസനം ചെയ്‌ത്‌ പ്രബന്ധങ്ങള്‍ എഴുതിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌, ഇവരുടെ പ്രബന്ധങ്ങളെ ദിവ്യപ്രബന്ധം എന്നു വിളിച്ചുപോരുന്നത്‌. മുതല്‍ ആഴ്വാര്‍കള്‍ പൊയ്കൈ, ഭൂതം, പേയ്‌ എന്നിവരുടെ പ്രബന്ധങ്ങളായ, മുതല്‍ തിരുവന്താതി, ഇരണ്ടാം തിരുവന്താതി, മൂന്റ്രാം തിരുവന്താതി എന്നിവ വെണ്‍പാ ആയി എഴുതപ്പെട്ടവയാണ്‌. മുതല്‍ തിരുവന്താതി "വയ്യം തകളിയാ..." എന്നു ആരംഭിക്കുന്നു. അതില്‍ ലോകത്തെ വിളക്കായും, ജലതത്വത്തെ നെയ്യായും ചന്ദ്ര സൂര്യന്മാരെ വെളിച്ചമായും ഉള്ള വിളക്കു കൊളുത്തുന്നതായി ആരംഭിക്കുന്നു. ഇതില്‍ അജ്ഞാനമാകുന്ന കൂരിരുള്‍ നീങ്ങി ആത്മാവിനെ പ്രകാശിപ്പിക്കുന്ന വിളക്കിനെ പരാമര്‍ശിക്കുമ്പോള്‍, രണ്ടാം തിരുവന്താതി, ആരംഭത്തില്‍, "ജ്ഞാനച്ചുടര്‍ വിളക്കേറ്റ്രിനേന്‍..." എന്ന് ജ്ഞാനമാകുന്ന വിളക്ക്‌ കൊളുത്തി വെച്ച്‌ ആത്മാവിലെ അന്തര്യാമിയായ പരമാത്മാവിനെ കാട്ടി തരുന്നു ഭൂതത്താഴ്വാര്‍. മൂന്റ്രാം തിരുവന്താതിയില്‍, പേയാഴ്വാര്‍, ഈ രണ്ടു വിളക്കിന്റെയും സഹായത്താല്‍, ഈശ്വരദര്‍ശനം ഉണ്ടായതിനെ വിവരിക്കുന്നു "തിരുക്കണ്ടേന്‍ പൊന്മേനി കണ്ടേന്‍...." എന്നാരംഭിച്ചും കൊണ്ട്‌.

അതിനു ശേഷം മറ്റുള്ള ആഴ്വാര്‍മാര്‍, പേയാഴ്വാര്‍ കാട്ടികൊടുത്ത വഴിയിലൂടെ നടന്ന് ഭഗവദനുഭവത്തെ പ്രതിപാദ്യവിഷയമായ്ക്കൊണ്ട്‌ മറ്റുള്ളപ്രബന്ധങ്ങള്‍ എഴുതി. തിരുമഴിശൈ ആഴ്വാര്‍, നാന്മുഖന്‍ തിരുവന്താതി, തിരുച്ചന്തവിരുത്തം എന്നീ പ്രബന്ധങ്ങളും, നമ്മാഴ്വാര്‍, തിരുവിരുത്തം, തിരുവായ്മൊഴി, തിരുവാസിരിയം, പെരിയതിരുവന്താതി എന്നീപ്രബന്ധങ്ങളും, മധുരകവിയാഴ്വാര്‍ കണ്ണിനുണ്‍ചിറുത്താമ്പു എന്ന പ്രബന്ധവും, കുലശേഖര പെരുമാള്‍ പെരുമാള്‍ തിരുമൊഴിയും, പെരിയാഴ്വാര്‍ പെരിയാഴ്വാര്‍ തിരുമൊഴിയും, ആണ്ടാള്‍, തിരുപ്പാവൈ, നാച്ചിയാര്‍ തിരുമൊഴി എന്നീ പ്രബന്ധങ്ങളും, തൊണ്ടരടിപ്പൊടിയാഴ്വാര്‍ തിരുപ്പള്ളിയെഴുച്ചി, തിരുമാലൈ എന്നീ പ്രബന്ധങ്ങളും, തിരുപ്പാണന്‍ ആഴ്വാര്‍ അമലനാദിപിരാനും എഴുതി. അവസാനമായി തിരുമങ്കൈ ആഴ്വാര്‍ 6 പ്രബന്ധങ്ങള്‍ എഴുതി വെച്ചു. അതിലെ അവസാനത്തെ പ്രബന്ധം ആണ്‌ തിരുനെടുന്താണ്ടകം എന്നു നേരത്തേ സൂചിപ്പിച്ചിട്ടുണ്ടല്ലോ.
ഇനി തമിഴ്‌ പ്രബന്ധങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്നു നോക്കാം. ഒരു അക്ഷരത്തിനു "എഴുത്തു" എന്നും രണ്ട്‌ അക്ഷരം കൂടിയതിനെ "അശൈ" എന്നും വിളിക്കും, അശൈയുടെ കൂട്ടങ്ങളേ "ശീര്‍" എന്നു വിളിക്കും. ശീര്‍ എന്നാല്‍ വാക്കുകള്‍. ഇത്തരം ശീര്‍ പലവിധത്തില്‍ ചേരുന്നതാണ്‌ പ്രബന്ധങ്ങള്‍ ആകുന്നത്‌. ശീര്‍ തന്നെ, ഇരു ശീര്‍, ആറു (6) ശീര്‍. ഏഴു (7) ശീര്‍, ഏണ്‍ (8) സീര്‍ എന്നു പല വിധത്തില്‍ ചേര്‍ക്കാം. കവിതാവിഭാഗത്തില്‍, കൂടുതലായി കണ്ടുവരുന്നതു, കലിയുടെയും, വിരുത്തത്തിന്റെയും പലവിധത്തിലുള്ള ചേരുവകള്‍ ആണ്‌. വിരുത്തപ്പാ, ആസിരിയപ്പാ എന്നിവ അവകളുടെ സ്വരമാധുരിക്ക്‌ പേരുകേട്ടവയാണ്‌താണ്ടകം എന്ന പ്രബന്ധ രീതിയില്‍, 8 ശീര്‍ ചേര്‍ന്ന 4 വരികള്‍ ഉണ്ടാകും. താണ്ടകം വിഭാഗത്തില്‍, എപ്പോഴും നായകന്‍ ഭഗവാന്‍ തന്നെയായിരിക്കും. ഇനി തിരുമങ്കയാഴ്വാര്‍ ആരായിരുന്നു, എന്നും കൂടി അറിയാതെ, പ്രബന്ധത്തിലേക്ക്‌ കടക്കുന്നത്‌ ശരിയാണന്ന് തോന്നുന്നില്ല. ഏതാണ്ട്‌ 5000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പേ എപ്പോള്‍ ശ്രീകൃഷ്ണ പരമാത്മാവ്‌ വേടന്റെ അമ്പിനെ വ്യാജമായ്ക്കൊണ്ട്‌ പരമപദത്തിലേക്ക്‌ തിരിച്ച്‌ എഴുന്നള്ളിയോ, അതിന്റെ അടുത്ത നാള്‍ കലി ആരംഭിച്ചു എന്ന് കാട്ടപ്പെടുന്നു. കലി പിറന്ന് 42ആം നാള്‍ ഇന്നത്തെ തിരുനെല്‍വേലി ജില്ലയില്‍, ആഴ്വാര്‍ തിരുനഗരിയില്‍ ആണ്‌ നമ്മാഴ്വാര്‍ അവതരിച്ചത്‌. ആഴ്വാരുടെ ജീവിതം 32 സംവത്സരം ആയിരുന്നു എന്ന് 6000 പടി ഗുരുപരമ്പരാ പ്രഭാവം കാണിക്കുന്നു. ആഴ്വാര്‍ പരമപദത്തേ നോക്കി അര്‍ചിരാദി ഗതിയിലൂടെ നടന്ന് ഏതാണ്ട്‌ 500 വര്‍ഷങ്ങള്‍ക്കുള്ളില്‍ മറ്റ്‌ ആഴ്വാര്‍മാരുടെ അവതാരം ആയി എന്നു കാട്ടപെട്ടിരിക്കുന്നത്‌ ഒഴിച്ച്‌ മറ്റു വിവരങ്ങള്‍ നമുക്ക്‌ ലഭ്യമല്ല. തിരുമങ്കയാഴ്വാര്‍ എന്തായിരുന്നാലും, പറയി പെറ്റ പന്തിരുകുലത്തിലെ, പെരിയ തിരുവരങ്കത്തെഴും പാണന്‍ എന്ന തിരുപാണന്‍ ആഴ്വാര്‍ക്ക്‌ ശേഷം അവതരിച്ചിരിക്കാം എന്ന് മാത്രമേ അനുമാനിക്കാന്‍ കഴിയൂ. ചോള രാജ്യത്തില്‍, തിരുവാലി എന്ന ഗ്രാമത്തില്‍ ഒരു സാമന്ത ക്ഷത്രിയ വംശം ആയിരുന്നു ആഴ്വാരുടെത്‌. നീലന്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ആഴ്വാര്‍, തിരുമങ്കൈ എന്ന ചെറിയ രാജ്യം ഭരിച്ചിരുന്നതിനാല്‍ ആണ്‌ തിരുമങ്കൈ ആഴ്വാര്‍ എന്ന് അറിയപ്പെട്ടത്‌. പരമ രസികനും, വിഷയ ഭോഗങ്ങളില്‍ ആസക്തനും ആയിരുന്നു ആഴ്വാര്‍ ആദ്യ കാലങ്ങളില്‍. നീര്‍മേല്‍ നടപ്പാന്‍, നിഴലില്‍ ഒതുങ്കുവാന്‍, തോലാ വഴക്കന്‍, താള്‍ ഊതുവാന്‍ എന്ന് 4 സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു ആഴ്വാര്‍ക്ക്‌. അതു കൂടാതെ ആഴ്വാര്‍ എന്തു പറഞ്ഞാലും അനുസരിക്കാന്‍ പോന്ന ആടല്‍മാ എന്ന ഒരു കുതിരയും.


രാജ്യം ഭരിച്ചിരുന്ന സമയത്ത്‌, തന്റെ യാത്രകളില്‍ ഒരുനാള്‍ തിരുവെള്ളക്കുളത്തില്‍ വെച്ച്‌ കുമുദവല്ലി നാച്ചിയാര്‍ എന്ന യുവതിയെ കണ്ട ആഴ്വാര്‍, അവളില്‍ അനുരക്തന്‍ ആവുകയും, അന്നാളിലെ മുറ അനുസരിച്ചു വിവാഹത്തിന്‌ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ആഴ്വാരുടെ സ്വഭാവം നന്നായി അറിയാവുന്ന കുമുദ വല്ലി, ശ്രീവൈഷണവത്വം സിദ്ധിച്ചാല്‍ അല്ലാതെ വിവാഹം നടക്കില്ല എന്നു തീര്‍ത്ത്‌ പറയുകയാല്‍, ആഴ്വാര്‍ അതിനായി ശ്രമിച്ച്കൊണ്ടിരുന്നു. അതും പോരാതെ നിത്യപ്പടി, 1000 ശ്രീവൈഷ്ണവര്‍ക്ക്‌ ഒരു വര്‍ഷകാലം അന്നദാനം നടത്തണം എന്നും കുമുദവല്ലി ആവശ്യപ്പെട്ടു. അതിന്‍പടി, രാജ്യ സ്വത്ത്‌ മുഴുവന്‍ എടുത്ത്‌, പല നാളുകള്‍ അന്നദാനം നടത്തിപോന്ന ആഴ്വാര്‍ ഒരു ദിവസം, തന്റെ ഖജനാവ്‌ ശൂന്യം ആയി എന്ന് കണ്ടെത്തി. ഇനി അന്നദാനം നടത്താന്‍, ദാന ധര്‍മ്മാദികള്‍ക്കു പണം ഇല്ലല്ലോ എന്ന് വിഷമിച്ച ആഴ്വാര്‍, തന്റെ നാലു സുഹൃത്തുകളോടും കൂടി, പണക്കാരായ മാടമ്പിമാരെ കൊള്ളയടിക്കാം എന്ന തീരുമാനത്തില്‍ എത്തി. അങ്ങനെ രാത്രികാലങ്ങളില്‍ കൊള്ളയടിയും, പകല്‍ സത്സംഗവും അന്നദാനവും ദാനധര്‍മ്മാദികളുമായി കഴിയുന്ന കാലത്താണ്‌ ഈശ്വര കൃപ എന്നത്‌ ആഴ്വാര്‍ക്ക്‌ നേരേ നോക്കപ്പെട്ടുന്നത്‌. ഇങ്ങനെ ഇരിക്കുന്നവനെ വേണം നേര്‍വഴിക്ക്‌ കൊണ്ടുവരാന്‍ എന്ന് ഉറച്ച്‌, ഭഗവാന്‍ തന്നെ, ഒരു നവ വരന്റെ വേഷം ഇട്ടും കൊണ്ട്‌, മഹാലക്ഷ്മിയെ വധുവിന്റെ വേഷത്തില്‍, ധാരാളം സമ്പത്തോടെ രാത്രികാലത്ത്‌, ആഴ്വാരുടെ വഴിയില്‍ വന്നു ചേര്‍ന്നു. ഇവരുടെ സമ്പത്ത്‌ പ്രൌഢി കണ്ട്‌ ഇനി കുറേ നാളത്തേക്ക്‌ ഉള്ള വക ആയല്ലോ എന്ന് ആഴ്വാരും വിചാരിച്ചു, അര്‍ദ്ധരാത്രി നേരത്ത്‌, തിരുവാലി ഗ്രാമത്തിനു വെളിയില്‍ തിരുമണംകൊള്ളൈ എന്ന സ്ഥലത്ത്‌ വെച്ച്‌, ആഴ്വാര്‍ ഭഗവാനെ വളഞ്ഞു. ഭഗവാനും, എല്ലാം എടുത്തോളു എന്ന് പറഞ്ഞു മാറി നിന്നു. അങ്ങനെ എല്ലാ ആഭരണങ്ങളും അഴിച്ചുവാങ്ങിയപ്പോള്‍ ഭഗവാന്റെ കാല്‍ത്തള മാത്രം ബാക്കി നില്‍ക്കുന്നത്‌ ആഴ്വാര്‍ കണ്ടു, അതു ഞാന്‍ ശ്രമിച്ചിട്ട്‌ അഴിക്കാന്‍ പറ്റുന്നില്ലല്ലോ, എന്ന് ഭഗവാന്‍ മറുപടി പറഞ്ഞപ്പോള്‍, ആഴ്വാര്‍ കുനിഞ്ഞ്‌ പല്ലു കൊണ്ട്‌ അതു കടിച്ച്‌ അഴിച്ചെടുത്തു. ഭഗവാന്‍ ആകട്ടെ സന്തോഷത്തോടേ "നിര്‍ കലിയനോ ? " (നീ മിടുക്കന്‍ ആണല്ലോ) എന്ന് പറഞ്ഞു.എല്ലാ കൊള്ള മുതലും കൂടി ഭാണ്ഡം കെട്ടിയശേഷം എടുക്കാന്‍ ശ്രമിച്ച ആഴ്വാര്‍ക്ക്‌, എത്ര പരിശ്രമിച്ചിട്ടും, അതു എടുക്കുന്നതു പോയിട്ട്‌, ഒന്നു അനക്കാന്‍ കൂടി കഴിഞ്ഞില്ല. എതിരേ നില്‍ക്കുന്നവന്‍ എന്തോ മന്ത്രം പ്രയോഗിച്ചതു കൊണ്ടാണ്‌ എന്നു സംശയിച്ച്‌, ഭഗവാന്റെ നേരേ കുന്തം ഓങ്ങിക്കൊണ്ട്‌, എന്തു മന്ത്രം ആണ്‌ പ്രയോഗിച്ചതു എന്നു ചോദിച്ചു. ഭഗവാന്‍ ആകട്ടേ, ചിരിച്ചുംകൊണ്ട്‌ മന്ത്രം തരാന്‍ വേണ്ടിയല്ലേ ഞാന്‍ ഇത്രയും കഷ്ടപ്പെട്ടത്‌, എന്നു പറഞ്ഞ്‌ ആഴ്വാരെ അടുത്തേക്ക്‌ വിളിച്ചു, ആഴ്വാര്‍ അടുത്തെത്തിയപ്പോള്‍, കൈകള്‍കൊണ്ട്‌ ആഴ്വാരുടെ കഴുത്തിന്‌ ചുറ്റിപിടിച്ച്‌ വലിച്ചടുപ്പിച്ച ശേഷം, ചെവിയില്‍ "ഓം നമോ നാരായണായ" എന്ന് മന്ത്രിച്ചു കൊടുത്തു. ആ നിമിഷത്തില്‍ തന്നേ ആഴ്വാര്‍ക്ക്‌ ബ്രഹ്മ ജ്ഞാനം ഉദിച്ചു എന്ന് ഗുരുപരമ്പരയില്‍ കാട്ടപ്പെട്ടിരിക്കുന്നു. അതിന്റെ ഫലമായിട്ടാണ്‌ പെരിയ തിരുമൊഴിയിലെ ആദ്യത്തെ പത്തു പാട്ടുകള്‍, "വാടിനേന്‍ വാടി" എന്നു തുടങ്ങുന്ന പതികം. ഈ സംഭവങ്ങള്‍ മൂലം ആഴ്വാര്‍ക്ക്‌, കലിയന്‍, പരകാലന്‍ എന്നീ പേരുകള്‍ ഏര്‍പ്പെട്ടു. പരകാലന്‍ എന്നു വെച്ചാല്‍, പരാത്പരനായ ഭഗവാനെ തന്നേ കുന്തം കാട്ടി ഭയപ്പെടുത്തിയവന്‍ എന്നും, പരന്മാര്‍ (മറ്റുള്ള) ആയ ശൈവ, നാസ്തിക മതസ്ഥര്‍ക്ക്‌ കാലന്‍ എന്നും അര്‍ത്ഥം കൊള്ളാം. അതിനു ശേഷം, തിരുനരയൂര്‍ എന്ന ദിവ്യദേശത്തില്‍ പോയി സമാശ്രയണവും, തിരുക്കണ്ണപുരത്തില്‍ വെച്ച്‌ തിരുമന്ത്രത്തിന്റെ അര്‍ത്ഥവും ഉപദേശിച്ചു ആഴ്വാര്‍ക്ക്‌. ഭഗവത്‌ കൃപമൂലം, ഉണ്ടായ ഈ സംഭവത്തിന്റെ ഓര്‍മ ഇന്നും പുതുക്കപ്പെട്ടുന്നു, തിരുവാലി ദിവ്യദേശത്തില്‍, പൈങ്കുനി ഉത്രത്തിനു ഒരു 2 ദിവസം മുന്നേ, വേടുപുരി ഉത്സവം എന്ന പേരില്‍ ഇതു ഇപ്പോഴും ആഘോഷിച്ചു വരുന്നു.

വൈകാതെ തന്നെ കുമുദവല്ലിയെ വിവാഹം കഴിക്കുകയും, അവര്‍ എല്ലാവരും കൂടെ ദിവ്യ ദേശ യാത്ര പുറപ്പെടുകയും ചെയ്തു. തന്റെ കുതിരപ്പുറത്തുള്ള ഈ യാത്ര ആദ്യം ആരംഭിക്കുന്നത്‌, ജോഷി മഠത്തില്‍ വെച്ചാണ്‌, രണ്ടാം പതികം ആയ "വാലിമാവലത്ത്‌ ഒരുവന തുടല്‍ കെട" എന്ന പതികം (പതികം എന്നു വെച്ചാല്‍ 10 നാലോ രണ്ടോ വരികള്‍ ചേര്‍ന്നത്‌), ജോഷി മഠം അല്ലെങ്കില്‍ തിരുപ്പിരിതിയുടെ മംഗളാശാസനം ആണ്‌. ബദരി നാഥിലേക്കുള്ള ആദ്യത്തേ കവാടം ആണ്‌ ജോഷിമഠം. അടുത്ത പതികം, മുറ്റമുത്തുക്കോല്‍ തുണയാ എന്ന് ആരംഭിച്ച്‌ ബദരിനാഥ്‌ മംഗളാശാസനം ആണ്‌. അങ്ങനെ, പത്ത്‌ പതികങ്ങളില്‍ ആയി 86 ക്ഷേത്രങ്ങളെയാണ്‌ ആഴ്വാര്‍ മംഗളാശാസനം ചെയ്തത്‌. എന്നാലും, നമ്മാഴ്വാരെ പോലെ നമ്മുടേ മലയാളനാടിനോട്‌ തിരുമങ്കയാഴ്വാര്‍ക്ക്‌ അത്രക്കു സ്നേഹം ഉണ്ടായിരുന്നോ എന്തോ, 6 പ്രബന്ധങ്ങളില്‍ ആയിട്ട്‌, തിരുവല്ലായും, മൂഴിക്കുളവും, മാത്രമേ സ്പര്‍ശിക്ക പെട്ടിട്ടുള്ളൂ. അതും തിരുവല്ലായ്ക്ക്‌ ഒരു പതികവും, 2-3 സ്ഥലങ്ങളില്‍ മൂഴിക്കുളത്തേപറ്റി പരാമര്‍ശവും മാത്രം. നമ്മാഴ്വാര്‍ ആകട്ടേ, 11 ദിവ്യദേശങ്ങളെപറ്റി പാടി, തമിഴ്നാട്‌ വിട്ടാല്‍ ഏറ്റവും കൂടുതല്‍ മംഗളാശാസനം ഉള്ളത്‌ കേരളത്തിലെ ക്ഷേത്രങ്ങള്‍ ആണ്‌. ആഴ്വാര്‍ ഏതാണ്ട്‌ 80 വയസ്സോളം ജീവിച്ചിരുന്നു എന്ന് കണക്കാക്കപെടുന്നു. ശ്രീരംഗം ക്ഷേത്രത്തില്‍ അദ്ധ്യയനോത്സവം ആരംഭിച്ചത്‌ തിരുമങ്കയാഴ്വാര്‍ ആണ്‌. വാര്‍ദ്ധക്യകാലത്ത്‌ ശ്രീരംഗം ക്ഷേത്രത്തില്‍ വെച്ച്‌, ഭഗവാന്‍, നേരേ തെക്കു ദിശയില്‍ പശ്ചിമഘട്ടം അവസാനിക്കുന്ന സ്ഥലത്ത്‌, മഹേന്ദ്ര ഗിരിയുടെ താഴ്വരയില്‍ ഉള്ള വാമനക്ഷേത്രത്തിലേക്ക്‌ വരുവാന്‍ ആവശ്യപ്പെടുകയും, അതു പ്രകാരം, തിരുക്കുറുങ്കുടിയില്‍ കുറച്ചു വര്‍ഷം കഴിഞ്ഞതിനു ശേഷം, അവിടെ വച്ചുതന്നേ അര്‍ച്ചിരാദി ഗതിയിലേക്ക്‌ ഏടുക്കപ്പെട്ട്‌ പരമപദത്തിലേക്ക്‌ എഴുന്നള്ളുകയും ചെയ്തു. ഇന്ന് തിരുക്കുറുങ്കുടിയില്‍, ആഴ്വാര്‍ എഴുന്നള്ളിയതും, സംസ്കരിക്കപ്പെട്ടതുമായ സ്ഥലത്ത്‌ ആഴ്വാര്‍ക്ക്‌ സ്മാരകം ഉണ്ട്‌. തിരുനെടുംതാണ്ടകം, ആഴ്വാര്‍ പരമഭക്തിപര്യന്തമായ അവസ്ഥയില്‍ എഴുതിയ പ്രബന്ധം ആണ്‌ അതും തിരുക്കുറുങ്കുടിയില്‍ വെച്ച്‌ എഴിതിയ അവസാനത്തേതായ പ്രബന്ധം. ആഴ്വാരുടെ സമരണകള്‍ക്കു മുന്നില്‍ ശിരസ്സ്‌ നമിച്ചുകൊണ്ട്‌ നമുക്ക്‌ പ്രബന്ധത്തിലേക്ക്‌ കടക്കാം.

തിരുനെടുന്താണ്ടകം

വന്ദനശ്ലോകം

ശ്രീമദാലി ശ്രീനഗരി നാഥായ കലിവൈരിണേ

ചതുഷ്കവി പ്രധാനായ പരകാലായ മംഗളം

(ശ്രീമദ്‌ ആലി എന്നും നഗരി എന്നും രണ്ട്‌ നഗരങ്ങള്‍ക്കു നാഥനും കലി വൈരിയും, ചതുഷ്കവിത്വം (ആശു കവിത്വം, വിസ്താര കവിത്വം, മധുര കവിതം, ചിത്ര കവിത്വം) ഉള്ളവരില്‍ പ്രധാനിയുമായ പരകാലനു (തിരുമങ്കൈയാഴ്വാര്‍) മംഗളം)

കലയാമി കലിധ്വംസം കവിം ലോക ദിവാകരം

യസ്യകോഭി പ്രകാശഭിര്‍ ആവിദ്യം നിഹതം തമഃ

വാഴി പരകാലന്‍ വാഴി കലി കന്റ്രി

വാഴിയരോ മായോനെ വാള്‍ വലിയാല്‍

മന്തിരം കൊള്‍ മങ്കയര്‍ കോന്‍ തൂയോന്‍

ചുടര്‍മാന വേല്‍നെഞ്ചുക്കിരുള്‍കടി ദീപം

അടങ്കാ നെടും പിറവിനഞ്ചുക്കു നല്ലവമുതം

തമിഴ്‌ നന്നൂല്‍ തുറൈകള്‍ അഞ്ചുക്കു ഇലക്കിയം

ആരണ സാരം പരസമയ പഞ്ചുക്കു അനലിന്‍

പൊരിപരകാലന്‍ പനുവല്‍കളേ

ഇനി ശ്ലോകങ്ങള്‍ക്കുള്ളിലേക്ക്‌

ശ്ലോകം 1

മിന്നുരുവായ്‌ മുന്നുരുവില്‍ വേദ നാങ്കായ്‌ * വിളക്കൊളിയായ്‌ മുളൈത്തെഴുന്ത തിങ്കള്‍ താനായ്‌ *പിന്നുരുവായ്‌ മുന്നുരുവില്‍ പിണി മൂപ്പില്ലാ * പിറപ്പിലിയായ്‌ ഇറപ്പതര്‍ക്കേ എണ്ണാതു *എണ്ണും പൊന്നുരുവായ്‌ മണിയുരുവില്‍ ഭൂതം ഐന്തായ്‌ * പുനലൂരുവായ്‌ അനലുരുവില്‍ തികഴും ചോതി * തന്നുരുവായ്‌ നിന്നുരുവില്‍ നിന്റ്ര എന്തൈ * തളിര്‍പുറയും തിരുവടിയെന്‍ തലൈമേലവേ * 1

ഈ പോസ്റ്റില്‍ ആദ്യത്തെ വരിയെ പറ്റി എഴുതാം

മിന്നുരുവായ്‌ മുന്നുരുവില്‍ വേദ നാങ്കായ്‌ * വിളക്കൊളിയായ്‌ മുളൈത്തെഴുന്ത തിങ്കള്‍ താനായ്‌ *

പദ പദാര്‍ത്ഥം

മിന്നുരു: മിന്നലെ പോലെ

മുന്നുരു: കണ്ണുകള്‍ കൊണ്ട്‌ കാണാന്‍ കഴിയുന്ന

വേദ നാങ്കായ്‌ : നാലു വേദങ്ങള്

‍വിളക്കൊളി: ദീപ പ്രകാശം

മുളൈത്ത : ഉദിച്ച

എഴുന്ത: ഉയര്‍ന്ന

തിങ്കള്‍ : ചന്ദ്രന്

‍താനായ്‌ : പൂര്‍ണ്ണ സ്വരൂപമായ്‌

സാമാന്യ അര്‍ത്ഥം

മിന്നലെ പോലെ അസ്ഥിരമായതും, ഇന്ദൃയങ്ങള്‍ പത്തും കൊണ്ട്‌ മനസ്സിലാക്കുവാന്‍ കഴിയുന്നതുമായ അചേതന വസ്തുക്കളെ, നാലു വേദങ്ങളിലൂടെ, ഈശ്വരന്‍ എനിക്ക്‌ മനസ്സിലാക്കി തന്നു.

വ്യാഖ്യാനം

"മിന്നുരു" എന്ന് മിന്നലെ പോലെ അസ്ഥിരമായ 24 അചിത്‌ പദാര്‍ത്ഥങ്ങളേ ഭഗവാന്‍ ശാസ്ത്രങ്ങള്‍ മുഖേന ആഴ്വാര്‍ക്ക്‌ പ്രകാശിപ്പിച്ചു കൊടുത്തു എന്നും അതു മൂലം ഉണ്ടായ ഉപകാരസ്മൃതിയാണ്‌ ആദ്യ ശ്ലോകങ്ങള്‍ക്കു പ്രതിപാദ്യ വിഷയം.

"മുന്നുരുവില്‍ മിന്നുരുവായ്‌" എന്ന് അന്വയം (പ്രോസ്‌ ഓര്‍ഡര്‍). ദൃഷ്ടിഗോചരമായ വസ്തുക്കള്‍ മിന്നലെ പോലെ അസ്ഥിരം എന്നും, അവ അഭോഗ്യം, ത്യാജ്യം എന്നും അര്‍ത്ഥം. അചിത്‌ പദാര്‍ത്ഥങ്ങള്‍ നമ്മുടെ കണ്ണിലും പെടുന്നുണ്ട്‌, എന്നാല്‍, നമുക്ക്‌ വ്യത്യാസം അറിയാത്തത്‌ കര്‍മ്മ ഫലം കൊണ്ടാണ്‌, എന്നാല്‍ ഈശ്വര കൃപ മൂലം ആത്മസ്വരൂപ ജ്ഞാനം ഉണ്ടായാല്‍ ഈ വ്യത്യാസം അറിയാന്‍ സാധിക്കും. കര്‍മ്മഫലത്താല്‍, ഭഗവത്‌ സ്വരൂപ തിരോധാനകരീം സ്വ വിഷയായാശ്ച ഭോഗ്യ ബുദ്ധേര്‍ ജനനീം എന്ന് ശരണാഗതി ഗദ്യത്തില്‍ സൂചിപ്പിക്കപെട്ടതു പോലെ, പരിശുദ്ധ ആത്മ സ്വരൂപം, മറയ്ക്കപെടുന്നു. ഈശ്വര കൃപ മൂലം തത്വ ത്ര്യയ ജ്ഞാനം ഉണ്ടാകുന്നു.

എന്താണ്‌ തത്വ ത്രയം എന്ന് ചുരുക്കത്തില്‍ പറയാം. വിശിഷ്ടാദ്വൈത സിദ്ധാന്ത പ്രകാരം, മൂന്നു തത്വങ്ങള്‍ ഉണ്ട്‌, പരമാത്മ തത്വം ഒന്ന്, പരമാത്മാവിനു, ശേഷം ആയിരിക്കുന്ന മറ്റ്‌ രണ്ടു തത്വങ്ങള്‍, ചിത്‌ (ആത്മാക്കള്‍), അചിത്‌ (അചേതന വസ്തുക്കള്‍, ഇന്നത്തെ മോഡേര്‍ണ്‍ സയന്‍സും ടെക്നോളോജിയും, അചിത്തിന്റെ പഠനം മാത്രമാണ്‌, അചിത്‌ എന്നാല്‍, നമ്മുടെ നശിച്ചു പോകുന്ന, നമ്മുടെ, ശരീരവും ഉള്‍പ്പെടും, അചിത്‌ തത്വങ്ങള്‍ മൂല പ്രകൃതിയില്‍ നിന്നും ആരംഭിച്ചു 24 വിഭാഗം ആയി പിരിക്കപെട്ടിരിക്കുന്നു)

വേദാന്തം പറയുന്നു

ഭോക്താ ഭോഗ്യം പ്രേരിതാരം ച മത്വാഃ

(ഭോക്താവായ ജീവാത്മാ, ഭോഗ്യ വസ്തുക്കളായ അചിത്‌ തത്വങ്ങള്‍, ആത്മാവിനെ ഇതിനു പ്രേരിപ്പിക്കുന്ന പരമാത്മാ എന്നു മൂന്നു വിധം എന്ന് ചുരുക്കം)

അങ്ങനെ അചിത്പദാര്‍ത്ഥങ്ങളെ ആസ്വദിച്ചിരിക്കുന്ന ഒരു ജീവാത്മാവിന്‌ എപ്പോള്‍ ദേഹം വേറേ അത്മാ വേറേ എന്ന ജ്ഞാനം ജനിച്ചാല്‍, അവന്‌ മുമുക്ഷുത്വം ഉണ്ടാകുന്നു എന്ന് കാട്ടപെടുന്നു. അങ്ങനെ മുമുക്ഷുത്വം ഉണ്ടായാല്‍, എങ്ങനെ യാഗാനന്തരം യൂപാദികള്‍ അസ്പൃശ്യമോ അതേ പോലെ ശരീരം, പരമപുരുഷാര്‍ത്ഥ ലാഭാനന്തരം ത്യാജ്യം എന്ന് ചുരുക്കം. ഇങ്ങനെയുള്ള ജ്ഞാനത്തെയാണ്‌ മുന്നുരുവായ, അചിത്‌ പദാര്‍ത്ഥങ്ങളില്‍, തനിക്കു ഉണ്ടായിരുന്ന ആസക്തിയെ വിവക്ഷിക്കുന്നത്‌.

"വിചിത്രാഃ ദേഹ സമ്പത്തീ ഈശ്വരായ നിവേദിതും"

എന്ന ജ്ഞാനലാഭം ഈശ്വര കൃപമൂലം ആഴ്വാര്‍ക്ക്‌ ഉണ്ടായി.

മിന്നുരുവില്‍ എന്ന വാക്കിനാല്‍, ഉപകാര്യ ഉപകാരക സംബന്ധ ഭാവന്‍ നിബന്ധന പൂര്‍വ്വകമായ സാമാനാധികരണ്യത്തെ കൊണ്ട്‌, ഭഗവാനെ തന്നെ കാട്ടുന്നു. 'വേദ നാങ്കായ്‌' എന്ന്, വേദം തനിക്ക്‌ എങ്ങനെ ഉപകരിച്ചു എന്ന് ആഴ്വാര്‍ പറയുന്നു. അതായത്‌, നാലു വേദങ്ങളും ശാസ്ത്രങ്ങളും മൂലം, മുന്നുരുക്കള്‍ ആയ അചിത്‌ പദാര്‍ത്ഥങ്ങള്‍ ത്യാജ്യം എന്നും, ആത്മാവ്‌ ഉദ്ദേശ്യന്‍ എന്ന ദര്‍ശനത്തെ കാട്ടികൊടുത്തു ഭഗവാന്‍ എന്നു സാരം. വേദങ്ങള്‍ ആത്മ ജ്ഞാനത്തിനു ഉപകരിക്കുന്നു. ഈശ്വരന്‍, ശാസ്ത്രങ്ങള്‍ ആയ വേദാന്ത ഉപനിഷത്തുക്കളെയും, ഇതിഹാസങ്ങളെയ്ം ഋഷികള്‍ മുഖേന പ്രവര്‍ത്തിപ്പിച്ചു, രഹസ്യ ത്രയത്തെ, സ്വയം ഉപദേശിച്ചു, ഇവയെല്ലാം അറിഞ്ഞുകൊണ്ട്‌, ആത്മാവിനു രണ്ട്‌ വിധത്തിലുള്ള ജ്ഞാനം ഉണ്ടാകുന്നു എന്ന് കാട്ടപെടുന്നു. വേദങ്ങള്‍ മുഖേന ആത്മജ്ഞാനവും, വേദാന്തങ്ങളില്‍ നിന്നും, രഹസ്യ ത്രയത്തില്‍ നിന്നും, ആത്മ യാഥാത്മ്യ ജ്ഞാനവും.

ആത്മ ജ്ഞാനം എന്നത്‌, ജ്ഞാനമയന്‍ ജീവാത്മാ, ആനന്ദമയന്‍ ജീവാത്മാ എന്നിവ. അതിനേക്കാള്‍ ഒരു പടി ഉയര്‍ന്നതാണ്‌ ആത്മ യാഥാത്മ്യ ജ്ഞാനം, അതായത്‌, ശേഷോഹി പരമാത്മനഃ എന്നത്‌, ജീവാത്മാവിനു സ്വാതന്ത്ര്യം ഇല്ല, പരമാത്മാവിനു, ശേഷി, അതായതു, നിത്യ ദാസ്യത്തിലും, പാരതന്ത്ര്യത്തിലും ഇരിക്കുന്നവനാണ്‌ ജീവാത്മാ എന്ന്. ശാസ്ത്രങ്ങള്‍ തത്വത്രയത്തില്‍, ജീവാത്മാവിനു ഉപദേശ മുഖേന, അചിത്‌ തത്വങ്ങള്‍ ത്യാജ്യം, പരമാത്മാ ഉപാധേയന്‍ എന്ന് കൂലങ്കഷമായി വിവരിക്കുന്നു. ഇവിടെയും, പ്രദാദൃ പ്രദേയ ഭാവ സംബന്ധ നിബന്ധനമായ സാമാനാധികരണ്യത്താല്‍, 'വേദനാങ്കായ്‌' എന്നു ഭഗവാനെ തന്നെ കാട്ടുന്നു. ഇവിടെ വ്യാഖ്യാതാ ഒരു പ്രത്യേക അഭിപ്രായം കാണിക്കുന്നുണ്ട്‌, വേദനാങ്കായ്‌ എന്നതില്‍, രണ്ട്‌ വിധത്തില്‍ സാമാനാധികരണ്യം വരാം, പ്രദാദൃ പ്രദേയ ഭാവം, അല്ലെങ്കില്‍, പ്രദിപാദ്യ പ്രദിപാദക ഭാവം, ഇവിടെ, ആദ്യം പറഞ്ഞതാണ്‌ യോജിക്കുക എന്ന് കാട്ടുന്നു, കാരണം, ഈ പ്രബന്ധത്തിന്റെ വിഷയം ഉപകാരസ്മൃതിയാണല്ലോ.

ശാസ്ത്ര ജന്യ ജ്ഞാനത്തെ ഭഗവാന്‍ അനുഗ്രഹിച്ചതു മൂലം അചിത്‌ തത്വങ്ങളില്‍ നിന്നും വേര്‍പെട്ടതായ, ചേതനനായ ജീവാത്മസ്വരൂപ ദര്‍ശനത്തെ വിളക്കൊളിയായ്‌ മുളൈത്തെഴുന്ത തിങ്കള്‍ താനായ്‌ എന്ന് കാണിക്കുന്നു.

ഇതിന്‌ വിളക്കൊളിയായ്‌ മുളൈത്ത തിങ്കള്‍ എഴുന്ത തിങ്കള്‍ താനാന തിങ്കള്‍ എന്ന് അന്വയം.

ഇവിടെ നേരേ ബൃഹദാരണ്യക ഉപനിഷത്തില്‍ നിന്നും ഉദാഹരണം

ആത്മാ വാ അരേ ശ്രോതവ്യഃ മന്ത്രവ്യഃ നിധിധ്യാസിതവ്യഃ

(ആത്മാവിനെ പറ്റി, കേള്‍ക്കുക, മനനം ചെയ്യുക, ധ്യാനം ചെയ്യുക, എന്നാല്‍, ആത്മാ ദൃഷ്ടവ്യം ആകുന്നു.)

വിളക്കൊളി എന്ന്, ശാസ്ത്ര ജന്യ ജ്ഞാനത്തെ കാണിക്കുന്നു, എന്തുകൊണ്ടെന്നാല്‍, ദീപ പ്രകാശം, അന്ധകാരത്തെ നീക്കുന്നതു പോലെ, ശാസ്ത്ര ജന്യ ജ്ഞാനം, അജ്ഞാനത്തെ പോക്കി ജ്ഞാനത്തെ വിളവിക്കുന്നു.

അന്ധം തമ ഇവാത്‌ ജ്ഞാനം ദീപവശ്ച

ഇന്ദൃയോത്ഭവംയഥാ സൂര്യ തഥാ ജ്ഞാനം

യദ്വിപര്‍ഷേ വിവേകജം - എന്ന് വിഷ്ണു പുരാണത്തില്‍, ശാസ്ത്ര ജന്യ ജ്ഞാനത്തെ വിളക്കൊളിക്ക്‌ സമമായി കാട്ടിയിരിക്കുന്നത്‌ വ്യാഖ്യാതാ ഉദാഹരിക്കുന്നു. മുളൈത്ത തിങ്കള്‍ എന്ന്, ശാസ്ത്ര ജന്യ ജ്ഞാനത്താല്‍ ഏര്‍പെട്ടതായ, ആത്മ ദര്‍ശനത്തെ കാട്ടുന്നു.

മുളൈത്ത തിങ്കള്‍ എന്നാല്‍, ഉദിച്ചു വരുന്നതായ ചന്ദ്രന്‍ എന്ന് അര്‍ത്ഥം. എഴുന്ത തിങ്കള്‍, അതായത്‌, ഉദിച്ചു ഉയര്‍ന്നതായ ചന്ദ്രന്‍ എന്‍ന്മനനം ചെയ്ത ശേഷം ഉള്ള ആത്മ ദര്‍ശനം കുറെകൂടി വ്യക്തമാകുന്നു എന്ന് അനുമാനിക്കാം. അതിനു ശേഷം, നിധിധ്യാസനം, അതായത്‌, ഇടവിടാതെ ഉള്ള ധ്യാനം, അതു മൂലം ആത്മ ദര്‍ശനം പൂര്‍ണ്ണമാകുന്നതിനെ, താനാന തിങ്കള്‍ എന്ന് വിവക്ഷിക്കുന്നു. താനാന തിങ്കള്‍ എന്നാല്‍, ചന്ദ്രനിലെ കളങ്കം നീക്കിയാല്‍, ചന്ദ്രന്‍ എത്ര പരിശുദ്ധ ചേജസ്സോടെ കാണപ്പെടുമോ, അതേ പോലെ, ഇരിക്കും പരിശുദ്ധമായ ആത്മ ദര്‍ശനം എന്നര്‍ത്ഥം.

"താനാന തിങ്കള്‍ എന്റ്രു ആഗന്തുകമാന കളങ്കമിന്റ്രിയേ ഇരുക്കിറ ആത്മ ദര്‍ശനത്തെ തെരുവിക്കിറത്‌" എന്ന് വ്യാഖ്യാതാ.

എന്നാല്‍ മേല്‍ പറഞ്ഞ വിഷ്ണു പുരാണ വാക്യം, നിഷ്കൃഷ്ട ആത്മ സ്വരൂപ ദര്‍ശനത്തെ, സൂര്യനോടു ഉപമിച്ചു, ഇവിടെ അതേ വിഷയത്തില്‍ ചന്ദ്രനെ എന്തിനു ഉദാഹരിച്ചു, എന്ന് പൂര്‍വ്വ പക്ഷം. അതിനു വ്യാഖ്യാതാ മൂന്ന് അഭിപ്രായം കാണിച്ചു

1. ചന്ദ്രനെ പോലെ ആത്മാവും, സ്വയം പ്രകാശകം ആകയാല്‍

2. ചന്ദ്ര ശബ്ദത്തിന്‌ ചദി ആഹ്ലാദനേ എന്ന് ധാതു, ആകയാല്‍, ചന്ദ്ര ദര്‍ശനം എങ്ങനെ ഹൃദയങ്ങളില്‍, സന്തോഷം വിളവിക്കുമോ, അതേ പോലെ ആത്മ ദര്‍ശനം ആഹ്ലാദത്തെ കൊടുക്കുന്ന പടിയാല്‍.

3. വിഷ്ണു പുരാണത്തിലെ, സൂര്യ ദൃഷ്ടാന്തം , സ്വ പ്രയത്ന ലബ്ധമായ ജ്ഞാനത്തെയും, ഇവിടത്തെ ചന്ദ്ര ദൃഷ്ടാന്തം, ഈശ്വര കൃപ മൂലം ഉണ്ടായ അനായാസ ജ്ഞാന ലബ്ധതയെയും കാട്ടുന്നു.